ഇത് നിര്‍മ്മാണത്തിനുളള വെബ്സൈറ്റാണ്. ഇതിലെ ഉളളടക്കം അപൂര്‍ണ്ണമാണ്
സ്ഥാപന ചരിത്രം

                                                        സ്ഥാപന ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ലോക്കിൽ മൂന്നിലവ്,മേലുകാവ് വില്ലേജുകളിൽ  ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് മൂന്നിലവ്. 33.41 ചതുരശ്ര കിലോമീറ്റര് വിസ്തീര്ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള് പടിഞ്ഞാറ് മേലുകാവ് പഞ്ചായത്ത്, തെക്ക് തീക്കോയി പഞ്ചായത്ത്, കിഴക്ക് തലനാട് പഞ്ചായത്ത്, വടക്ക് കുടയത്തൂർ, അറക്കുളം പഞ്ചായത്തുകൾ എന്നിവയാണ്. ഗിരിനിലകളും പാറക്കെട്ടുകളും കൊച്ചരുവികളും മലമ്പാതകളും നിറഞ്ഞ ഹരിതാഭമാർന്ന കൃഷിയിടങ്ങളും കൊണ്ട് നയനമനോഹരമാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്നും 2500 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. പശിമരാശിമണ്ണും വെട്ടുകല്ലും ചരലുകളും ആണ് ഈ പ്രദേശത്ത് കാണപ്പെടുന്ന മണ്ണിനങ്ങൾ. തെക്ക് പടിഞ്ഞാറ് കാലവർഷവും വടക്കു കിഴക്കൻ  കാലാവസ്ഥയും പ്രദേശത്ത് ലഭിക്കുന്നു. പാർലമെന്ററി  മണ്ഡലം കോട്ടയവും അസംബ്ലി മണ്ഡലം പാലായും ആണ്. 2011ലെ സെൻസസ്പ്രകാരം 10016 ജനസംഖ്യയുള്ള മൂന്നിലവ് പഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്. ഇതിൽ 4923 പുരുഷന്മാരും 5093 സ്ത്രീകളുമാണ് ഉള്ളത്. പട്ടികജാതി ജനസംഖ്യ 466 ഉം പട്ടികവർഗ്ഗ ജനസംഖ്യ 4027 ഉം ആണ്.പഞ്ചായത്തിൽ ഭൂരിഭാഗം ആളുകളും കർഷകരും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുമാണ്. ഇവിടുത്തെ പ്രധാനവിളകൾ റബർ, തെങ്ങ്, കുരുമുളക്, കാപ്പി, കപ്പ,വാഴ, ഏലം, മലയിഞ്ചി, പച്ചക്കറികൾ എന്നിവയാണ് . 

  പ്രകൃതി രമണീയമായും പുരാതനവുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളായ  ഇല്ലിക്കല്‍ കല്ല്, കട്ടിക്കയം വെളളച്ചാട്ടം,കടവുപുഴ വെളളച്ചാട്ടം, കണ്ണാടിപ്പാറ എന്നീ സ്ഥലങ്ങള്‍ മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ടുളളതാണ്.

അതിപുരാതനമായ ഒരു ചരിത്രം ഉറങ്ങുന്ന മങ്കൊമ്പ്, ഇരുമാപ്ര വാളകം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഒരു പഞ്ചായത്താണ് മൂന്നിലവ്. മങ്കൊമ്പിലെ ഭഗവതി ക്ഷേത്രത്തിന് വളരെയേറെ വർഷത്തെ പഴക്കമുള്ളതായാണ് ഐതിഹ്യം. ഈ പ്രദേശത്ത് മൂന്ന് വലിയ ഇലവുമരങ്ങളുണ്ടായിരുന്നു. അങ്ങനെ മൂന്ന് ഇലവുമരങ്ങൾ ഒന്നിച്ചുനിൽക്കുന്ന ഈ പ്രദേശത്തിന് മൂന്നിലവ് എന്ന പേര് വന്നു. ഈ പഞ്ചായത്തിലെ ഏക അമ്പലമാണിത്. പൂഞ്ഞാർ രാജകുടുംബം സ്ഥാപിച്ച അമ്പലമായി കരുതുന്നു. പൂഞ്ഞാർ രാജകുടുംബത്തിലെ ഒരു രാജകുമാരൻ മങ്കൊമ്പിലുള്ള മടുക്കയിൽ നായർ കുടുംബത്തിൽനിന്ന് വേളികഴിച്ചിരുന്നതായി പറയപ്പെടുന്നു. പാണ്ഡിദേശക്കാരായ ചെട്ടിപ്പിള്ളമാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു വിഭാഗം ആൾക്കാർ ചേരവംശത്തിൽപ്പെട്ട ഒരു രാജാവിനെ ഭയന്ന് അവരുടെ ഇഷ്ടദേവീവിഗ്രഹവുമായി പലായനം ചെയ്ത് പൂഞ്ഞാർ രാജാവിനെ അഭയം പ്രാപിക്കുകയും ആ രാജാവ് മങ്കൊമ്പ് പ്രദേശത്ത് അധിവസിക്കുന്നതിന് അവരെ അനുവദിക്കുകയും ചെയ്തതായി കേട്ടുകേൾവിയുണ്ട്. പിന്നീട് തങ്ങളുടെ പ്രിയപ്പെട്ട ദേവിയെ മങ്കൊമ്പ് അമ്പലത്തിന്റെ ഒരു ഭാഗത്ത് പ്രതിഷ്ഠിക്കുകയും പൂജാദികർമ്മങ്ങൾ നടത്തിപ്പോരികയും ചെയ്തിരുന്നു. കാലചക്രം മുന്നോട്ടു കുതിച്ചപ്പോൾ കച്ചവടത്തിൽ പ്രാവീണ്യമുണ്ടായിരുന്ന അവർ ഇന്നത്തെ തൊടുപുഴ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറിപ്പാർത്തു. എങ്കിലും എല്ലാ മേടം 10-നും (പത്താമുദയം) ചെട്ടിപിള്ളമാർ പുരാതനപ്രസിദ്ധമായ ഈ ക്ഷേതത്തിൽ ദർശനത്തിനും വഴിപാടിനുമായി മലകൾ  ചവിട്ടി  എത്താറുണ്ട്. സഹ്യപർവ്വതത്തിന്‍റെ പിള്ളത്തൊട്ടിലിൽ ശയിക്കുന്ന മൂന്നിലവിന്‍റെ മലമ്പ്രദേശങ്ങളിലെ ഘോരവനങ്ങളിൽ മലആര്യന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ജനവിഭാഗം അധിവസിച്ചിരുന്നു. അവരെ അജ്ഞത, അന്ധവിശ്വാസം, മേലാളവർഗ്ഗത്തിന്റെ ചൂഷണം തുടങ്ങിയ സാമൂഹിക തിന്മകളിൽനിന്ന് കൈപിടിച്ചുയർത്തിയത് ഹെൻറി ബേക്കർ ജൂനിയർ, എ.എഫ്. പെയിന്റർ തുടങ്ങിയ വിദേശമിഷനറിമാരാണ്. ഈ വിഭാഗക്കാർ സമാധാനപ്രിയരും അദ്ധ്വാനശീലരായ കർഷകരും ബുദ്ധിമതികളുമായിരുന്നു എന്ന് ഹെൻറി ബേക്കർ സായ്പ്പിന്റെ ജീവചരിത്രത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ഇരുമാപ്ര,മങ്കൊമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ പുരാതന പള്ളികളും പള്ളിക്കൂടങ്ങളും ഈ ഗ്രാമത്തിന്റെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നാഴികക്കല്ലുകളത്രേ ഇരുമാപ്രമറ്റത്തെ അഞ്ചലാഫീസും ചരിത്രത്താളുകളിൽ ആദ്യസ്ഥാനം നേടിയിട്ടുളളതാണ്. ഇന്നത്തെ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പൂഞ്ഞാർ വടക്കേക്കര പഞ്ചായത്തിന്റെ ഭാഗമായിരുന്നു. നാല് വർഷത്തെ നിരന്തര സമരഫലമായിട്ടാണ് ഈ പഞ്ചായത്ത് രൂപംകൊണ്ടത്. പൂഞ്ഞാർ വടക്കേക്കര പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ് ശ്രീ. എം.ജി. ഗോപാലപിള്ള മാടപ്പാട്ടായിരുന്നു. 13.09.1969-ൽ പൂഞ്ഞാർ വടക്കേക്കര പഞ്ചായത്ത് രണ്ടായി വിഭജിച്ചു. അങ്ങനെ മൂന്നിലവ്, തലനാട് എന്നീ രണ്ട് പഞ്ചായത്തുകൾ രൂപംകൊണ്ടു. പ്രകൃതിരമണീയമായ മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ ടൂറിസം വികസനത്തിന് അനന്തസാധ്യതകളുണ്ട്. പഴുക്കാക്കാനവും ഇല്ലിക്കക്കല്ലും ഏതൊരു വിനോദസഞ്ചാരിയുടെയും മനം കവരുന്ന പ്രദേശങ്ങളാണ്.  കട്ടിക്കയം വെളളച്ചാട്ടം , കടവുപുഴ ജലപാത എന്നിവയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. കൂടാതെ കണ്ണാടിപ്പാറ, തെയിലപ്പാറ, മോസ്കോ വ്യൂ പോയിന്‍റ്, മേച്ചാല്‍ വലകെട്ട് മുടി, കോലാനിമുടി എന്നിവയും മൂന്നിലവ് പഞ്ചായത്തിലെ പ്രകൃതി രമണീയമായ   വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.